കൊല്ലം: ശക്തമായ കാറ്റും മഴയ്ക്കുമൊപ്പം വേലിയേറ്റം ശക്തിപ്രാപിച്ചതോടെ മൺറോ തുരുത്തില്‍ പ്രളയ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കരയേത് കായലേത് എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ് മൺറോ തുരുത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും.
ALSO READ: മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച ശേഷം കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍
രണ്ടുദിവസമായി ശക്തമായ മഴയുണ്ടെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ വേലിയേറ്റം ശക്തി പ്രാപിക്കുകയായിരുന്നു. ഇതോടെയാണ് മണ്‍റോ തുരുത്ത് പ്രളയസമാനമായ രീതിയിലേക്ക് മാറിയത്. അഷ്ടമുടി കായലിൽ നിന്നും കല്ലടയാറ്റിൽ നിന്നും ശക്തിയോടെയാണ് വെള്ളം കരയിലേക്ക് കയറിയത്.
മണ്‍റോ തുരുത്തിലെ കൺട്രാംകാണി, പട്ടംതുരുത്ത് ഈസ്റ്റ്, പട്ടംതുരുത്ത് വെസ്റ്റ്, നെന്മേനി തെക്ക്, കിടപ്രംവടക്ക്, കിടപ്രം തെക്ക്, പെരിങ്ങാലത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കയറി. കിടപ്പറം ലക്ഷംവീട് കോളനിയിലും ജയന്തി കോളനിയിലും വെള്ളം കയറി. ശക്തമായ കാറ്റിൽ പല വീടുകളുടെയും ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ ഇളകി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും തകരാറിലായി. ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉച്ചമുതൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
ഇന്നലെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം നഷ്ടമായി. ചെമ്മീൻ കുളങ്ങളിൽ വെള്ളംകയറി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വീടുകളിൽ വെള്ളം പൊങ്ങിയതുമൂലം പലരും ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു. അഷ്ടമുടിക്കായലിലെയും കല്ലടയാറ്റിലെയും ജലനിരപ്പ് ഉയർന്നതാണ് വേലിയേറ്റം തീവ്രമാകാൻ കാരണമായത്.