കൊല്ലം: അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സജീവിനെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ആശുപത്രി വികസന സമിതിയുടെ രാഷ്ട്രീയ നിയമനങ്ങള്‍ എതിര്‍ത്തതിന്‍റെ പേരിലാണ് കഴിഞ്ഞയാഴ്ച സജീവിനെ സ്ഥലം മാറ്റിയതെന്നാണ് ആരോപണം. സ്ഥലം മാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കറുത്ത ബാഡ്ജ് അണിഞ്ഞാണ് കഴിഞ്ഞ ദിവസം ആശുപത്രി ജീവനക്കാര്‍ ജോലിക്കെത്തിയത്. ഇത്തരത്തിലുള്ള സ്ഥലംമാറ്റം ആത്മാര്‍ത്ഥമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും നടപടി പിന്‍വലിച്ചില്ലങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.
ആശുപത്രിയിലെ എക്സറേ - ഇസിജി വിഭാഗത്തിലെ താല്‍ക്കാലിക നിയമനങ്ങളില്‍ മാനദണ്ഡം ലംഘിച്ച് ഇഷ്ടക്കാരെ നിയമിക്കാന്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള വികസന സമിതി ശ്രമിച്ചിരുന്നു. ഇതിനെ ആശുപത്രി സൂപ്രണ്ട് സജീവ് എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റിയതെന്നാണ് ആരോപണം. കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ അടക്കമുള്ള സംഘടനകളും സ്ഥലമാറ്റ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.