കൊല്ലം: കൊട്ടാരക്കര മീൻപിടിപ്പാറ ടൂറിസം പദ്ധതിയുടെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഉടൻതന്നെ നടത്താനാകുമെന്ന് ആയിഷാ പോറ്റി എംഎല്‍എ അറിയിച്ചു. ഒന്നര കോടി മുതൽ മുടക്കിയുള്ള രണ്ടാംഘട്ട നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതോടെയാണ് മീന്‍പിടിപ്പാറ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നത് .
രണ്ടാംഘട്ട നിർമ്മാണത്തിന്‍റെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ നിർവഹിച്ചിരുന്നെങ്കിലും നിർമാണം നിലച്ച മട്ടിലായിരുന്നു. കാടുകയറി നശിച്ച പ്രദേശത്തെ നിര്‍മാണ ചുമതല നിർമ്മിതികേന്ദ്രം ഏറ്റെടുത്തതോടെ പദ്ധതി യാഥാർഥ്യത്തിലേക്ക് എത്തുകയായിരുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് മീന്‍പിടിപ്പാറ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പുലമൺ തോടിന്‍റെ ഇരുവശങ്ങളിലുമായി പൂന്തോട്ടം നിർമിക്കുന്നതിന് പുറമേ അലങ്കാര വിളക്കുകളുടെയും മണ്ഡപങ്ങളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.