കൊല്ലം: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ പ്ലാസ്റ്റിക് പാഴ്വസ്തുക്കളുടെ മ്യൂസിയം ഒരുങ്ങുന്നു. മാലിന്യസംസ്‌കരണത്തിന്‍റെ ശാസ്ത്രീയ മാതൃക പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ മാലിന്യ സംസ്‌കരണശാലയില്‍ എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിന് സജ്ജമാക്കുക.
ശില്പങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇരിപ്പിടങ്ങള്‍, മാലിന്യ സംസ്‌കരണ മാതൃകകള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയവ ഇവിടെയുണ്ടാകും. ജൈവ - അജൈവ മാലിന്യ സംസ്‌കരണ മാതൃകകളും മ്യൂസിയത്തിൽ ഉള്‍പ്പെടുത്തും. ശാശ്വത മാലിന്യസംസ്‌കരണ സംവിധാനങ്ങളെക്കുറിച്ചു അറിവ് പകരുന്നതിനും സംരംഭം പ്രയോജനപ്പെടുത്തും. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി ബ്ലോക്ക് പഞ്ചായത്ത്തലത്തില്‍ നടപ്പിലാക്കുന്നതെന്ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാര്‍ പറഞ്ഞു.
ഇവിടെയുള്ള മാലിന്യ സംസ്‌കരണ ശാലയോട് ചേര്‍ന്ന് 1000 ചതുരശ്ര അടിയിലാണ് മ്യൂസിയം നിര്‍മ്മിക്കുക. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഇതിനായി വിനിയേഗിക്കും. പ്ലാസ്റ്റിക് ശില്പനിര്‍മ്മാണ വൈദഗ്ധ്യമുള്ള ശില്പികളുടെ കരവിരുതോടെയാണ് മ്യൂസിയമൊരുങ്ങുക.