കൊല്ലം: കൊട്ടിയം തഴുത്തല കാറ്റാടിമുക്കിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട കണ്ണനല്ലൂർ സ്വദേശി സുധീറിൻ്റെ മൃതദേഹം പുറത്തെടുത്തു. 25 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുധീറിൻ്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിനടിയിലും ചെളിയിലും പൂന്തിയ നിലയിലായിരുന്നു മൃതദേഹം.
അറുപത്തഞ്ചടി താഴ്‌ചയിലുള്ള പഴയ കിണറ്റിൽ പുതിയതായി നാല് തൊടികൾ കൂടി ഇറക്കി സ്ഥാപിച്ച ശേഷം തിരികേ കയറിൽ പിടിച്ച് കയറുമ്പോഴാണ് മുകളിലെ തൊടികൾ ഇടിഞ്ഞ് സുധീറിൻ്റെ ദേഹത്ത് വീണത്. മണ്ണും ഇടിഞ്ഞ് വീണതോടെ കിണറിൻ്റെ താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും മറ്റ് തൊഴിലാളികളും ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീണ്ടും മണ്ണ് ഇടിഞ്ഞ വീണതോടെ ആ ശ്രമം ഉപേഷിച്ചു.
തുടർന്ന് പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചതോടെ ജെസിബി എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്‌താണ് സുധീറീൻ്റെ മൃതദേഹം പുറത്തെടുത്തത്. ഉച്ചയ്‌ക്ക് രണ്ട് മണിയോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
READ MORE:കൊല്ലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു