കൊല്ലം: ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ആദരവുമായി കൊല്ലം സ്വദേശി സുബ്രഹ്മദേവ്. ഏഴ് മെഡലുകള്‍ കഴുത്തിലണിഞ്ഞ പ്രതിഭകളുടെ ഛായാചിത്രം കൊല്ലം ഡീസെന്‍റ്മുക്കിലെ ചുമരില്‍ വരച്ചാണ് ഇദ്ദഹം തന്‍റെ ആദരവ് പ്രകടിപ്പിച്ചത്.
ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ മീരാബായ് ചാനു, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയ, ബാഡ്‌മിന്‍റണില്‍ വെങ്കലം നേടിയ പി.വി.സിന്ധു, ഗുസ്‌തിയില്‍ വെങ്കലം നേടിയ ബജ്‌റംഗ് പുനിയ, ബോക്‌സിങില്‍ വെങ്കലം നേടിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവര്‍. ഒപ്പം ഇന്ത്യന്‍ പുരുഷ ഹോക്കിയിലൂടെ വെങ്കലം സ്വന്തമാക്കിയ മലയാളി താരം പി.ആര്‍ ശ്രീജേഷ് എന്നിവരുടെ ചിത്രമാണ് ചുമരില്‍.
അഭിനന്ദനം ഫഹദ് ഫാസിലിന്‍റെ വക
ആറു മണിക്കൂർ കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. നേരത്തേ, മാലിക്കിലെ ഫഹദ് ഫാസിലിന്‍റെ ഛായാചിത്രം വരച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. താരം നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചതില്‍ ഏറെ സന്തോഷവാനാണ് ഇദ്ദേഹം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ ശില്‍പകലാപഠനം പൂർത്തിയാക്കിയ ഈ കലാപ്രതിഭ ചിത്രരചന അധ്യാപകനായി ജോലി ചെയ്‌തിട്ടുണ്ട്.
കൂടൂതല്‍ പേരിലേക്ക് തന്‍റെ സൃഷ്ടികൾ എത്തിക്കാന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട് സുബ്രഹ്മദേവ്. നിലവില്‍ ഫ്രീലാന്‍സ് ആയി ജോലി നോക്കുന്ന ഈ കലാകാരന് വീടും നാടുമൊന്നാകെ പിന്തുണയുമായുണ്ട്.
ALSO READ: കോഴിക്കോട് ലഹരി മരുന്ന് വേട്ട; സ്‌ത്രീയടക്കം എട്ട് പേര്‍ പിടിയില്‍