കൊല്ലം : ഉണ്ണിക്കണ്ണന്മാരുടെ കൊഞ്ചലും കുസൃതികളും കൊണ്ട് അമ്പാടിയിലെ അരങ്ങുണർത്തുന്ന മോഹനദൃശ്യങ്ങൾക്ക് സാക്ഷിയായി കൊല്ലം നഗരം. ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന ശോഭായാത്രയിലാണ് കുരുന്നുകളുടെ കളിയും ചിരിയും കുസൃതികളും കൊണ്ട് വീഥികൾ നിറഞ്ഞത്.
'സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ' എന്ന സന്ദേശം അവതരിപ്പിച്ചാണ് ഇത്തവണ ശ്രീകൃഷ്‌ണ ജയന്തിയും ശോഭായാത്രകളും ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. കുട്ടികളുടെ ആഘോഷ സമിതികളാണ് ഓരോ സ്ഥലത്തും ശോഭായാത്രയ്ക്ക് നേതൃത്വം നൽകിയത്.
ഭക്തിക്ക് പ്രാധാന്യം നൽകുന്ന തരത്തിലായിരുന്നു കൂടുതൽ നിശ്ചല ദൃശ്യങ്ങളും അലങ്കരിച്ചിരുന്നത്. ഭജന സംഘങ്ങളും ശോഭായാത്രകൾക്ക് മാറ്റുകൂട്ടി.