കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലോഗോയിൽ നിന്നും ഗുരുദേവന്‍റെ രൂപം ഒഴിവാക്കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്.എൻ.ഡി.പി.യോഗം ശ്രീ നാരായണ പെൻഷനേഴ്‌സ് കൗൺസിൽ. ഈ ലോഗോ പിൻവലിക്കണമെന്ന് ആവശ്യപെട്ട് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയുടെ ലോഗോയിൽ ശങ്കരാചാര്യരുടെ വ്യക്തമായ ചിത്രമുണ്ട്. ആ മാതൃക പിൻതുടരുന്നതിന് പകരം ആധുനിക മാതൃകയെന്ന പേരിൽ തികഞ്ഞ അവഹേളനമാണ് നടത്തിയതെന്ന് ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ കുറ്റപ്പെടുത്തി. ഗുരുദേവൻ ഇരിക്കുന്നത് മുകളിൽ നിന്നും നോക്കിയാൽ കാണും വിധം ലോഗോയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന തെറ്റായ അവകാശവാദമാണ് യൂണിവേഴ്‌സിറ്റി അധികൃതർ ഉയർത്തുന്നത്. എന്നാൽ അത്തരത്തിൽ പോലും ലോഗോയിൽ ഗുരുദേവനെ കണാൻ കഴിയുന്നില്ലെന്ന് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ലോഗോ തെരഞ്ഞെടുത്ത സമിതിയിലെ അംഗങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമാക്കണമെന്നും യൂണിവേഴ്സിറ്റിയുടെ വിജ്ജാപന പ്രകാരം കലാകാരൻമാർ അയച്ച് നൽകിയ ലോഗോകൾ പുനർമൂല്യനിർണയം നടത്തണമെന്ന് ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ കോ-ഓഡിനേറ്റർ പി.വി. രജിമോൻ ആവിശ്യപ്പെട്ടു. ഗുരുദേവന്‍റെ രൂപം വ്യക്തമായി ഉൾച്ചേരുന്ന കലാമൂല്യമുള്ള ലോഗോ തെരഞ്ഞെടുക്കണമെന്നും അല്ലാത്തപക്ഷം ശ്രീ നാരായണീയരെ മുഴുവൻ ഉൾപ്പെടുത്തി പ്രതിഷേധം ശക്തമാക്കുമെന്നും സെക്രട്ടറി സജീവ് കെ.എം പറഞ്ഞു.