കൊല്ലം: കെബി ഗണേഷ് കുമാറിന് നിയമ സഭാംഗമായി തുടരാൻ ധാർമ്മികാവകാശമില്ലെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. ഗണേഷ് കുമാറും പ്രദീപ് കൊട്ടാത്തലയും പ്രത്യേക നിയമ പരിരക്ഷയുള്ള ആളുകളാണ്. ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനാതിപത്യപരമായി കരിങ്കോടി കാണിക്കാനെത്തിയപ്പോൾ പൊലീസ് സുരക്ഷയും ഗുണ്ടകളുടെ സുരക്ഷയും ഉപയോഗപ്പെടുത്തുന്നത് ഒരു നിയമസഭ സമാജികന് ചേർന്നതല്ലെന്നും എൻകെ പ്രേമചന്ദ്രൻ ആരോപിച്ചു.
ഗുണ്ടകളാണ് ചവറയിലും പത്തനാപുരത്തും യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചത്. ജനാതിപത്യ സമ്പ്രദായത്തിന് ചേർന്നതല്ല ഗണേഷിൻ്റെ ഈ പെരുമാറ്റമെന്നും പ്രേമചന്ദ്രൻ വിമർശിച്ചു. ഗണേഷിന് എംഎൽഎ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
മർദ്ധനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് കോടതിക്ക് ബോധ്യമായത് കൊണ്ടാണ് അവർക്ക് ജാമ്യം കിട്ടിയതെന്നും പ്രേമചന്ദ്രൻ ചൂണ്ടി കാട്ടി. ചവറയിലെ സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.