കൊല്ലം: തെരഞ്ഞെടുപ്പ് വേള വേറിട്ട പരീക്ഷണങ്ങളുടെ കൂടി കാലമാണ്. കൊവിഡ് പ്രതിരോധത്തിനുള്ള മാസ്‌കില്‍ പാര്‍ട്ടി ചിഹ്നങ്ങള്‍ ഇടം പിടിച്ചത് തദ്ദേശപ്പോരിനിടയിലെ പുതുമയാര്‍ന്ന കാഴ്‌ചയായിരുന്നു. ഇക്കുറി കൊല്ലത്തുനിന്ന് കൗതുകകരമായൊരു പരീക്ഷണം ശ്രദ്ധനേടുകയാണ്. തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും സ്ഥാനാര്‍ഥിയുടെ ചിത്രവും ദോശക്കല്ലില്‍ വിരിയും. കൊല്ലം ബീച്ച് റോഡിലെ 101 വെറെറ്റി ദോശക്കടയാണ് ഇത്തരമൊരാശയം അവതരിപ്പിക്കുന്നത്. ദോശയില്‍ ചിഹ്നങ്ങളും സ്ഥാനാര്‍ഥിയുടെ മുഖവും ഒരുക്കും.
തക്കാളി സോസില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം തെളിയും. ക്യാരറ്റും മയണൈസും ചേര്‍ത്ത് കൈപ്പത്തി അടയാളപ്പെടുത്തും. ക്യാരറ്റില്‍ താമരയും രൂപമെടുക്കും. സ്ഥാനാര്‍ഥിയുടെ മുഖം ആവശ്യമുണ്ടെങ്കില്‍ അതും ഇത്തരത്തില്‍ വരച്ചിടും. കൊല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം.മുകേഷിന്‍റെ ചിത്രമാണ് ഇത്തരത്തിൽ ആദ്യമായി ദോശയിൽ ഇടംപിടിച്ചത്. ദോശ വിദഗ്‌ധന്‍ സന്തോഷും കട ഉടമ ശ്യാമും ചേർന്നാണ് പാര്‍ട്ടി ദോശയൊരുക്കുന്നത്. അഞ്ച് അടി നീളത്തിലുള്ള ദോശയില്‍ ചിഹ്നങ്ങള്‍ ഒരുമിച്ച് അവതരിപ്പിച്ചും ഇവര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഓഡറുകൾ ലഭിക്കുകയാണെങ്കിൽ സ്ഥാനാർഥികളുടെ മുഖം ദോശയിൽ അവതരിപ്പിച്ച് നല്‍കുമെന്ന് കടയുടമ ശ്യാം പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്തമായി എന്തെലും ചെയ്യണമെന്ന ആലോചനയിലാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞത്. ചിഹ്നം പതിച്ച ദോശ ഇതിനകം ഹിറ്റായി. പ്രാദേശിക നേതാക്കളും അണികളും ഉൾപ്പെടെ നിരവധി പേരാണ് പാര്‍ട്ടി ദോശ കഴിക്കാൻ ഇവിടേക്കെത്തുന്നത്. കടയിലെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊപ്പം ആവശ്യക്കാര്‍ക്ക് ഇനി പാര്‍ട്ടി ദോശ കഴിക്കുകയും ചെയ്യാം.