കൊല്ലം : ജാതി, മത ചിന്തകളെ മനുഷ്യര്‍ പോത്സാഹിപ്പിക്കരുതെന്ന ശ്രീനാരായണ ഗുരുവിന്‍റെ കാഴ്ചപ്പാട് മറന്ന സമൂഹം താത്‌കാലിക ലാഭത്തിനായി ജാതി തിരിച്ചുള്ള ചൂഷണത്തിന്‍റെ പാതയിലാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ഗുരുധര്‍മ പ്രചരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ കൊല്ലം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്‍റെ 94 -ാം മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍.
ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ജനങ്ങള്‍ തമ്മില്‍ പോരാടുകയാണ്. മതങ്ങളുടെ പേര് പറഞ്ഞ് താത്‌കാലിക ലാഭത്തിനായുള്ള ചിലരുടെ ശ്രമത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രളയം പോലുള്ള സമയങ്ങളില്‍ ജാതിയോ മതമോ ചോദിച്ചല്ല പരസ്പരം സഹായിച്ചത്.
'ജാതി വിപത്തിനെതിരെ വിപ്ലവകാരിയായിരുന്നു ഗുരു'
കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടാക്കാന്‍ ശ്രമിച്ചയാളാണ് ശ്രീനാരായണ ഗുരു. ഗുരുവിനെ ശരിയായി പഠിക്കാന്‍ തയ്യാറാകാത്തതാണ് മതങ്ങളുടെ പേരുപറഞ്ഞുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. ജാതി വിപത്തിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ വിപ്ലവകാരിയായിരുന്നു ഗുരു.
പിന്നാക്കക്കാരുടെ ഉന്നമനത്തിനായി അശ്രാന്തം പോരാടിയ പോരാളി. ഗുരുവിന്‍റെ വഴി ശരിയായി പഠിച്ച വ്യക്തിയാണ് ഗാന്ധിജിയെന്നും പന്ന്യന്‍ അനുസ്മരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ഏഴുകോണ്‍ നാരായണന്‍, ശിവഗിരിയിലേക്കുള്ള സമാധി സന്ദേശജാഥ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ ഏഴുകോണ്‍ രാജ്‌മോഹന്‍ അധ്യക്ഷനായി. സെക്രട്ടറി ബി. സ്വാമിനാഥന്‍, ആര്‍.എസ്.പി. ജില്ല സെക്രട്ടറി കെ.എസ് വേണുഗോപാല്‍, ക്ലാപ്പന സുരേഷ്, പാത്തല രാഘവന്‍, പട്ടംതുരുത്ത് ബാബു, ഓടനാവട്ടം എം. ഹരീന്ദ്രന്‍, ശാന്തിനികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ALSO READ: കരാർ തൂപ്പു ജോലിയില്‍ നിന്ന് മോചനം: രജനി ഇനി പ്രാണി പഠന ശാസ്ത്രജ്ഞ, തുണയായത് ഇടിവി ഭാരത് വാർത്ത