കൊല്ലം: കേരളം നേരിടുന്ന മാലിന്യപ്രശ്‌നങ്ങൾ 2026ഓടെ ഇല്ലാതാകുമെന്നും സമ്പൂർണ മാലിന്യമുക്ത ശുചിത്വ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ശുചിത്വമിഷനും കേരള മിഷനും സംയുക്ത സഹകരണത്തോടെ രൂപം നൽകിയ സംസ്ഥാനത്തെ ആദ്യ സ്‌മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യൂണിറ്റിന്‍റെ സംസ്ഥാനതല പ്രവർത്തന ഉദ്‌ഘാടനം കൊല്ലം പള്ളിത്തോട്ടത്ത് നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്ന ഇത്തരം നൂതന ആശയങ്ങൾ അഭിനന്ദനാർഹമാണെന്നും ഉറവിടങ്ങളിൽ മാലിന്യ സംസ്‌കരണത്തിന് പരിമിതി നേരിടുന്ന ഇടങ്ങളിൽ സ്‌മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യൂണിറ്റിന്‍റെ പ്രവർത്തനം പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ഓഡിറ്റോറിയങ്ങൾ, വലിയ കാറ്ററിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ ഉറവിടങ്ങളിൽ വെച്ച് തന്നെ ശാസ്‌ത്രീയമായി സംസ്‌കരിച്ച് വളമാക്കി മാറ്റുന്ന നൂതന ആശയ സംവിധാനമാണ് സ്‌മാർട്ട് മൊബൈൽ കമ്പോസ്റ്റിങ് യൂണിറ്റ്. ഒരു മണിക്കൂറിൽ 500 കിലോ വരെയുള്ള മാലിന്യങ്ങൾ വളമാക്കി മൊബൈൽ കമ്പോസ്റ്റിങ് യൂണിറ്റിലൂടെ മാറ്റാൻ കഴിയും. മേയർ പ്രസന്ന ഏർണസ്റ്റ് ചടങ്ങിന് അധ്യക്ഷയായി. കൊല്ലം മധു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.