കൊല്ലം: വീട്ടില്‍ വളര്‍ത്തുന്ന ചെറിയ കോഴി സാധാരണയില്‍ കവിഞ്ഞ വലിപ്പത്തില്‍ മുട്ടയിടുന്നതിന്‍റെ അത്‌ഭുതത്തിലാണ് തൃക്കണ്ണമംഗൽ സ്വദേശി ലിസി ജോർജ്. ഗ്രാമപ്രിയ ഇനത്തിൽപെട്ട കോഴിയാണ് വലിയ മുട്ടയിടുന്നത്. രണ്ട് ദിവസം കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.
കോഴിക്കൂടും കുഞ്ഞും പദ്ധതിയിലൂടെ ലഭിച്ച അഞ്ച് എണ്ണത്തില്‍ ഒന്നാണ് വലിപ്പമുള്ള മുട്ട ഇടുന്നത്. ഇതിന് 176 ഗ്രാം ഭാരമുണ്ട്. പുലർച്ചെ അഞ്ച് മണിക്ക് ലഭിക്കുന്ന വലിയ മുട്ട വീട്ടുകാർക്ക് കൗതുകമാണ്. മുപ്പത്തിയഞ്ച് വർഷമായി ലിസി കോഴികളെ വളർത്തുന്നുണ്ടങ്കിലും ഇത്തരമൊരനുഭവം ഇതാദ്യമാണ്.ഇത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ഡോക്‌ടറുടെ സഹായം തേടുകയും ചെയ്‌തിരുന്നു.
താറാവിന്‍റെ 70 ഗ്രാം വരുന്നതും ഗിനിക്കോഴിയുടെ 80 ഗ്രാം വരുന്നതുമായ മുട്ടകളെ ഗ്രാമപ്രിയ ഇനത്തിലുള്ള കോഴി കടത്തിവെട്ടിയിരിക്കുകയാണ്. നാട്ടുകാരും ഏറെ കൗതുകത്തോടെയാണ് ഇത് വീക്ഷിക്കുന്നത്.