കൊല്ലം : ഓപ്പറേഷൻ ചൈൽഡ് പോണോഗ്രഫി ഹണ്ടിന്‍റെ ഭാഗമായി കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ജില്ലാ സൈബർസെല്ലിന്‍റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി കേസുകൾ രജിസ്റ്റർ ചെയ്തു. ശാസ്താംകോട്ട, മനക്കര സ്വദേശി അഭിൻ (20), കടക്കൽ ഗോവിന്ദമംഗംലം സ്വദേശി അനുരാജ് (25) , കിഴക്കേക്കര സ്വദേശി അഖിൽ എബ്രഹാം (25), പുത്തൂർ സ്വദേശി അഭിജിത്ത് (21) , അഞ്ചൽ സ്വദേശിയായ 16 വയസ്സുള്ള ആൺകുട്ടി, അഞ്ചൽ സ്വദേശി അനുസെൽജിൻ എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതതിനാണ് അറസ്റ്റ്.
ടെലഗ്രാം എന്ന ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോർ ചെയ്യാൻ ക്ലൗഡ് സർവ്വീസുകളും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ 67ബി ഐ.ടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ സൈബർസെല്ലിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടത്തി കേസുകൾ എടുത്തത്. പ്രതികളിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പരിശോധനകൾക്ക് എ.എസ്.ഐ. ജഗദീപ്, ബിനു.സി.എസ്, സുനിൽകുമാർ, വിബു.എസ്.വി, രജിത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം നൽകി.