കൊല്ലം: രാജ്യത്തിന് തന്നെ മാതൃകയായി കേരളം കൊവിഡിനെ പ്രതിരോധിക്കുകയാണ്. സർക്കാരിനൊപ്പം വിവിധ സാമൂഹിക സംഘടനകളും കൊവിഡ് പ്രതിരോധ പ്രവർത്തനത്തില്‍ പങ്കാളിയാണ്. പക്ഷേ ആവശ്യത്തിന് മാസ്‌കും സാനിറ്റൈസറും കിട്ടാനില്ലെന്ന വാർത്തയില്‍ നിന്നാണ് തയ്യല്‍ തൊഴിലാളിയായ ഷാനിഫ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് രണ്ട് ദിവസം കൊണ്ട് അഞ്ഞൂറിലധികം മാസ്‌കുകളാണ് കൊട്ടാരക്കര സ്വദേശിയായ ഷാനിഫ സൗജന്യമായി നിർമിച്ചു നല്‍കിയത്.
സ്വന്തമായി നടത്തുന്ന തയ്യൽ പരിശീലന കേന്ദ്രം അടച്ചാണ് മുഴുവൻ സമയവും വീണ്ടും കഴുകി ഉപയോഗിക്കാവുന്ന തുണി മാസ്‌കുകൾ നിർമിച്ചു നൽകുന്നത്. സഹായത്തിനായി കുടുംബവും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ഷാനിഫയ്ക്കൊപ്പമുണ്ട്. ജില്ലാ ആശുപത്രിയിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മാസ്‌കുകൾ സൗജന്യമായി എത്തിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഷാനിഫയെ സഹായിക്കുന്നത്.