കൊല്ലം: സിപിഎമ്മും സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും കേരളത്തിൽ വർഗീയതയുടെ പ്രചാരകർ ആയതോടെ കെ. സുരേന്ദ്രൻ നോക്കുകൂലി വാങ്ങി കഴിയുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ. ജാതിയുടെയും മതത്തിന്‍റെയും പേരിൽ വേർതിരിവുകളും വർഗീയതയും സൃഷ്ടിച്ച് സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തരം താണ തന്ത്രങ്ങൾ നടത്തുകയാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ജയ് കിസാൻ, സേവ് പി എസ് സി എന്നീ മുദ്രവാക്യങ്ങള്‍ ഉയര്‍ത്തി കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച യുവജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. ആനന്ദവല്ലിശ്വരത്ത് നിന്നും ആരംഭിച്ച് ചിന്നക്കടയിൽ സമാപിച്ച റാലിയിൽ നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.