കൊല്ലം : കന്നുകാലികളോട് ലൈംഗിക അതിക്രമം കാട്ടുകയും അവയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തയാളെ പിടികൂടിയിട്ടും കേസെടുക്കാതെ പൊലീസ്. കൊല്ലം മയ്യനാട് പഞ്ചായത്ത് 10-ാം വാർഡിലെ ഇരുപതോളം ക്ഷീരകർഷകരുടെ കന്നുകാലികളെയാണ് ഉപദ്രവിച്ചതായി പരാതിയുള്ളത്. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിട്ടും തെളിവില്ലെന്ന കാരണത്താലാണ് കേസെടുക്കാത്തതെന്നാണ് വിശദീകരണം.
മയ്യനാട് റെയിൽവേ സ്റ്റേഷനു സമീപം രാജ് ഭവനിൽ ക്ഷീരകർഷകനായ തമ്പിയുടെ കന്നുകാലികളെ കഴിഞ്ഞ 8 മാസത്തിനിടയിൽ അഞ്ചിലേറെ തവണ ഉപദ്രവിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതി പുലർച്ചെ രണ്ട് മണിയോടെ തൊഴുത്തിൽ നിന്നും ശബ്ദം കേട്ട് പുറത്തിറങ്ങിയ തമ്പി യുവാവിനെ നേരിൽ കാണുകയും പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രാത്രിയിൽ വീടുകളുടെ മതിലുകൾ ചാടി അകത്തു കടക്കുന്ന യുവാവ് തൊഴുത്തുകളിൽ കെട്ടിയിരിക്കുന്ന പശുക്കളെ കയർ കൊണ്ട് വരിഞ്ഞു മുറുക്കി ലൈംഗികമായി ഉപദ്രവിക്കുകയും, പശുക്കളുടെ അകിടിൽ പാറക്കല്ലു കൊണ്ട് പരിക്കേൽപ്പിക്കുകയുമാണ് പതിവ്. പ്രദേശത്തെ മറ്റു പല ക്ഷീര കർഷകരുടെയും പശുക്കൾക്ക് നേരെയും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണിയ്ക്ക് ഉൾപ്പെടെ പരാതിയും നൽകിയിട്ടുണ്ട്.
ALSO READ: തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ