കൊല്ലം: ചട്ടവിരുദ്ധമായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ടാർജറ്റും ക്വോട്ടയും നിശ്ചയിക്കുന്നതായി ആക്ഷേപം. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് കത്ത് നൽകി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. വാഹന പരിശോധന, ചെറിയ പെറ്റി കേസുകൾ എന്നിവയിലാണ് ടാർജറ്റും, ക്വാട്ടയും നിശ്ചയിക്കുന്നത്. ഇത് പൊലീസുകാരിൽ വലിയ മാനസിക സമ്മർദങ്ങൾ സൃഷ്ടിക്കുന്നതായി കാട്ടി റൂറൽ എസ്.പിക്ക് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കത്ത് നൽകി.
സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയോ ഡിജിപിയുടെയോ നിർദേശം ഇല്ലാതെയാണ് ഈ നടപടി. ഹെൽമറ്റ് വേട്ടക്കും, മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും ഓരോ സ്റ്റേഷൻ പരിധിയിൽ ടാർജറ്റും, ക്വാട്ടയും നിശയിച്ചിരിക്കുകയാണ്. ഇത് ചട്ട വിരുദ്ധമാണെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷൻ കത്തിൽ ആവശ്യപെടുന്നു. റൂറൽ ജില്ലാ മേധാവിയുടെ ടാർജറ്റും ക്വാട്ടയും ജനങ്ങൾക്ക് പൊലീസിനോട് വൈരാഗ്യ ബുദ്ധി ഉണ്ടാകുന്നതായും കത്തിൽ പറയുന്നു. കടയ്ക്കലിൽ പൊലീസിനെതിരെ ശക്തമായ ജനരോഷം ഉണ്ടാകാൻ ഇതാണ് കാരണമെന്നും കത്തിലുണ്ട്. അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും അത്തരത്തിൽ ഒരു ക്വാട്ടയും നിശ്ചയിച്ച് നൽകുന്ന ശീലം പൊലീസിനില്ലെന്നും റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു.