കൊല്ലം: ആര്‍എസ്‌പി സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ ശേഷം പാര്‍ട്ടിക്ക് കാര്യമായ മാറ്റങ്ങളുണ്ടായില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാലുവാരിയെന്നും പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
മുന്നണിമാറ്റത്തിലൂടെ പാര്‍ട്ടിക്ക് നഷ്‌ടങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നാണ് പ്രതിനിധി സമ്മേളനത്തില്‍ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം. കോൺഗ്രസിന്‍റെ കാലുവാരല്‍ കൊണ്ടാണ് നിയമസഭയിലടക്കം പ്രാതിനിധ്യം നഷ്‌ടപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ ചവറയിലും കുന്നത്തൂരിലും കോണ്‍ഗ്രസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം ആര്‍എസ്‌പിയെ അവഗണിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ലഭിക്കുന്ന സീറ്റുകളില്‍ പോലും കോൺഗ്രസ് വിമതര്‍ മത്സരിക്കുന്നു. ഇടത് മുന്നണിയിലായിരുന്നപ്പോള്‍ സഹകരണ ബാങ്കുകളിലടക്കം പ്രാതിനിധ്യം ലഭിച്ചിരുന്നുവെന്നും പ്രതിനിധിസമ്മേളനത്തില്‍ പ്രതികരണമുണ്ടായി.
പാർട്ടി അവഗണന നേരിടുമ്പോഴും ഇതൊന്നും മുന്നണി നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നില്ല. പലസമയങ്ങളിലും നേതൃത്വം ഉണർന്ന് പ്രവർത്തിക്കുന്നില്ല. പാർട്ടിയെ നയിക്കാൻ രണ്ടാം നിര നേതാക്കളെ ഉയർത്തി കൊണ്ട് വരണം. താഴെത്തട്ടിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്നും തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികൾ അഭിപ്രായപ്പെട്ടു.