കൊല്ലം: ആര്‍എസ്‌പി സംസ്ഥാന സമ്മേളനം കൊല്ലത്ത് പുരോഗമിക്കുമ്പോൾ സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനത്തിന് കളമൊരുങ്ങുന്നു. ആർഎസ്‌പിയുടെ ആസ്ഥാന കേന്ദ്രമായ കൊല്ലത്തും ചവറയിലും പാര്‍ട്ടിക്ക് കാര്യമായ ക്ഷീണം സംഭവിച്ചത് മുതൽ നിയമസഭയിലെ പ്രാതിനിധ്യം ഇല്ലായ്‌മയും മുന്നണി മാറ്റത്തിന് ശേഷമാണെന്നാണ് പ്രവർത്തകരുടെ വികാരം. കൂടുതല്‍ യുവാക്കളെ നേതൃനിരയില്‍ കൊണ്ടുവരാന്‍ സീനിയര്‍ നേതാക്കള്‍ താത്പര്യം കാണിക്കുന്നുമില്ലെന്നും ആക്ഷേപമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയിലും കുന്നത്തൂരിലും സംഭവിച്ച ദയനീയ പരാജയങ്ങള്‍ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളില്‍ അടക്കം കാര്യമായി ചര്‍ച്ച ചെയ്‌തില്ലായെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം ഷിബു ബേബി ജോണ്‍ പക്ഷത്തെ വെട്ടിനിരത്താനാണെന്ന തരത്തിലും ചർച്ചകളുണ്ട്. സംസ്ഥാന കമ്മിറ്റിയില്‍ അംഗങ്ങളുടെ എണ്ണം 81 ല്‍ നിന്ന് 51 ആയി ചുരുക്കാനാണ് തീരുമാനം.
സെക്രട്ടറി സ്ഥാനം നിലനിര്‍ത്താന്‍ എഎ അസീസ്, പ്രേമചന്ദ്രനൊപ്പം ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളെ ശക്തമായി നേരിടാനാണ് ഷിബു ബേബി ജോണ്‍ പക്ഷത്തിന്‍റെ തീരുമാനം. 14 ജില്ലകളില്‍ നിന്ന് 650 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒക്‌ടോബര്‍ 14 ന് ആരംഭിച്ച സമ്മേളനം 17നാണ് അവസാനിക്കും.