കൊല്ലം: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടുകള്‍ കെട്ടിയിട്ട് പ്രതിഷേധിച്ചു. 32 അടിക്കും 40 അടിക്കും ഇടയില്‍ നീളമുള്ള എല്ലാ മത്സ്യബന്ധന ബോട്ടുകള്‍ക്കും കടലിൽ പോകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ലോക്ക് ഡൗണ്‍ ഇളവുകളില്‍ ഉള്‍പ്പെടുത്തി 32 അടിക്ക് താഴെയുള്ള ബോട്ടുകൾക്കും, പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്കും കടലില്‍ പോകാന്‍ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ 32 അടിക്ക് മുകളിലുള്ള ചില ബോട്ടുകള്‍ക്ക് പാസ് നല്‍കിയതിനാല്‍ അവമാത്രം മത്സ്യബന്ധനം നടത്തി. ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ക്കും അനുമതി വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്.
നാല്‍പ്പതിലധികം ബോട്ടുകൾ പ്രതിഷേധത്തില്‍ പങ്കെടുത്തു. കോസ്റ്റൽ സി.ഐ ഷെരീഫിന്‍റെ നേതൃത്വത്തില്‍ തൊഴിലാളികളുമായി ചർച്ച നടത്തുകയും വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.