കൊല്ലം : കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സർക്കാർ എർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ. ലോക്ക് ഡൗൺ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി എടുക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുന്നത്. പിടികൂടിയ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു തുടങ്ങിയതോടെ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥലമില്ലാതായിരുക്കുകയാണ്. കൊല്ലം റൂറല്‍ പൊലീസ് പരിധിയിലുള്ള ഭൂരിഭാഗം സ്റ്റേഷനുകളും ഇപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ സ്റ്റേഷനും പരിസരവും വാഹനങ്ങളാല്‍ നിറഞ്ഞതോടെ സ്റ്റേഷന്‍ വളപ്പിന് പുറത്താണ് ഇപ്പോള്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്.
ലോക്ക് ഡൗൺ ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ റൂറല്‍ പൊലീസ് പരിധിയില്‍ മാത്രം രണ്ടായിരത്തിലധികം വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. അതിനാൽ ഇവ സ്റ്റേഷന് വെളിയിൽ സൂക്ഷിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വലിയ ഉത്തരവാദിത്തമാണ് വന്നിരിക്കുന്നത്. സ്റ്റേഷനുകള്‍ക്ക് പുറത്ത് വാഹനങ്ങള്‍ സൂക്ഷിക്കുമ്പോൾ ഒരു പക്ഷെ വാഹനങ്ങളോ വലിയ വാഹനങ്ങളുടെ സ്പെയർ പാര്‍ട്‌സുകളോ നഷ്ടമായേക്കാം. അതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഈ വാഹനങ്ങൾ സൂക്ഷിക്കുന്നത് ഒരു വലിയ തലവേദനയായി മാറി . ലോക്ക് ഡൗൺ അവസാനിക്കാന്‍ ഇനി അഞ്ച് ദിവസംകൂടി ബാക്കിനിൽക്കെ ഇക്കാലയളവില്‍ പിടികൂടുന്ന വാഹനങ്ങള്‍ എന്ത് ചെയ്യും എന്ന ആശങ്കയിലാണ് മിക്ക പൊലീസ് സ്റ്റേഷനുകളും.
പരിശോധനക്കിടെ വാഹനം പിടികൂടുന്നതിനു പകരം പിഴ ഈടാക്കിയാല്‍ മതി എന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നിലനിൽക്കുന്നുണ്ടെങ്കിലും പിഴ അടക്കാത്തവരുടെ വാഹനം പിടികൂടേണ്ടി വരില്ലേ എന്നാണ് പൊലീസ് ചോദിക്കുന്നത്.