കൊല്ലം: മരിച്ചയാൾ തിരിച്ചുവരുമോ... അതൊരു വല്ലാത്ത ചോദ്യമാണ്. ചിലപ്പോൾ വരും. അങ്ങനെയൊന്ന് കഴിഞ്ഞ ദിവസം കൊല്ലം ജില്ല ആശുപത്രിയില്‍ സംഭവിച്ചു.
ഇക്കഴിഞ്ഞ പതിനഞ്ചിനാണ് നിലമേൽ സ്വദേശിനി ലൈലാ ബീവി കൊവിഡ് പോസിറ്റീവായത്. അതോടെ ചികിത്സയ്ക്കായി കൊല്ലം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം നെഗറ്റീവായ ഇവരെ കൂട്ടികൊണ്ട് പോകാൻ ബന്ധുക്കൾ എത്തിയിരുന്നില്ല. അതിനെ തുടർന്ന് ജില്ല ആശുപത്രി അധികൃതർ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ അറിയിപ്പ് നൽകി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും ലൈലാബീവിയുടെ നാടായ ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറി. എന്നാൽ കൂട്ടിക്കൊണ്ട് പോകണമെന്നതിന് പകരം ലൈലാബീവി മരിച്ചെന്ന വിവരമാണ് ഈസ്റ്റ് പൊലീസ് കൈമാറിയത്. ഉടൻ തന്നെ ചടയമംഗലം പൊലീസ് ലൈലാബീവി മരിച്ചെന്ന വിവരം ബന്ധുക്കളെയും വാർഡ് മെമ്പറെയും അറിയിക്കുകയായിരുന്നു. മരിച്ചെന്ന അറിയിപ്പിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി എത്തി.
ALSO READ: സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് ; 194 മരണം
ബന്ധുക്കൾ പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കത്തും ജമാ അത്തുമായി ബന്ധപ്പെട്ട് സംസ്ക്കാരം നടത്താൻ വേണ്ട ക്രമീകരണങ്ങളും നടത്തി. ശേഷം ആംബുലൻസുമായി മൃതദേഹം ഏറ്റു വാങ്ങാനെത്തിയപ്പോഴാണ് മരിച്ച ലൈലാബീവി ആശുപത്രിയില്‍ ജീവനോടെ കഞ്ഞി കുടിക്കുന്നത് കണ്ടത്. സംഭവം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തതോടെ ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചെന്ന തെറ്റായ സന്ദേശം പൊലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചതാണ് പ്രശ്നങ്ങൾക്കെല്ലാം ആധാരം.