കൊല്ലം : ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാധിക്ഷേപം നടത്തിയ പ്രതിക്കെതിരെ പോക്സോ ചുമത്തിയില്ലെന്ന പരാതിയുമായി മാതാവ്.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ പ്രതി സംഗീത് കൃഷ്ണയെ പിടികൂടി ജാമ്യം നൽകി വിട്ടയച്ച കൊല്ലം ശക്തികുളങ്ങര പൊലീസിനെതിരെയാണ് പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തിയത്. സംഭവത്തിൽ ചൈൽഡ് ലൈൻ പൊലീസിനോട് റിപ്പോർട്ട് തേടി.
2021 ഫെബ്രുവരി 26 നാണ് വള്ളിക്കീഴ് സ്വദേശിനിയായ യുവതിയുടെ മകളുടെ ഫോണിലേക്ക് വ്യാജ ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്ന് സന്ദേശം എത്തുന്നത്.
പതിനാല് വയസുള്ള ആൺകുട്ടിയാണെന്ന വ്യാജേനയായിരുന്നു സന്ദേശം. പിന്നീട് അശ്ലീല ചുവയുള്ള സന്ദേശങ്ങൾ നിരന്തരമായി വരാൻ തുടങ്ങിയതോടെ പരാതിയുമായി പെൺകുട്ടികളുടെ മാതാവ് സൈബർ സെല്ലിനെ സമീപിച്ചു.
കേസെടുത്ത് ജാമ്യത്തിൽ വിട്ട് പൊലീസ്
നിരവധി തവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും പ്രതിയെ പിടികൂടാത്ത പൊലീസിൻ്റെ നടപടിയിൽ മനം നൊന്ത് പെൺകുട്ടികളുടെ മാതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ കേസെടുത്ത പൊലീസ് ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു.
ചൈൽഡ് ലൈനിനെ സമീപിച്ച് മാതാവ്
ഇൻസ്റ്റഗ്രാം അക്കൗണ്ട് യുവതിയുടെ മൂത്ത പെൺകുട്ടിയുടെ പേരിലായത് കൊണ്ടാണ് ജാമ്യം നൽകി വിട്ടതെന്നാണ് പൊലീസ് ഭാഷ്യം.
ഇതേ തുടര്‍ന്നാണ് തൻ്റെ പ്രായപൂർത്തിയാകാത്ത മകൾക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി യുവതി ചൈൽഡ് ലൈനിനെ സമീപിച്ചത്.
ALSO READ: വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് ; അന്വേഷണം ഊർജിതമാക്കി പൊലീസ്
ഈ യുവാവ് പല അക്കൗണ്ടുകളിൽ നിന്നായി ഇപ്പോഴും അശ്ലീല മെസേജ് അയക്കുന്നുണ്ടെന്നാണ് ഇവരുടെ പരാതി. പിടിക്കപ്പെട്ട പ്രതിക്കെതിരെ സമാനമായ കേസ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലുമുണ്ട്.
ഓൺലൈൻ ക്ലാസിനായിട്ടാണ് ഇളയ മകൾ മൂത്ത സഹോദരിയുടെ ഫോൺ ഉപയോഗിക്കുന്നതെന്നും കുട്ടികളുടെ മാതാവ് വ്യക്തമാക്കി.