കൊല്ലം: പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്ത് വിപണി കീഴടക്കി പേപ്പർ ബാഗുകൾ. പരിസ്ഥിതിക്ക് ദോഷം വരാത്തതിനാൽ പേപ്പർ ബാഗുകൾക്ക് ആവശ്യക്കാർ ഏറെയാണ്. തുണി ബാഗുകൾക്കുള്ള വിപണിയിലെ വിലവർധനവ് പേപ്പർ ബാഗിന്‍റെ ഡിമാൻഡ് കൂട്ടിയിട്ടുണ്ട്. പേപ്പർ ബാഗിന്‍റെ കട്ടി കൂടുന്നതനുസരിച്ച് വിലയിൽ മാറ്റം ഉണ്ടാകും. ചെറിയ പേപ്പർ ബാഗുകൾക്ക് 6 രൂപയും മൾട്ടി പേപ്പർ ബാഗുകൾക്ക് 15 രൂപയുമാണ് വിലയെന്ന് പേപ്പർ ക്യാരി ബാഗ് ഹോൾസെയിൽ വ്യാപാരി ഷാഹിർ വിവീസ് പറയുന്നു.
വേറിട്ട ഡിസൈനുകളും ട്രെൻഡുകളും ഉൾപ്പെടെ ആകർഷകമായ മോഡലിലും നിറങ്ങളിലുമാണ് പേപ്പർ ബാഗുകൾ വിപണിയിലെത്തുന്നത്. ഒരു പേപ്പര്‍ ബാഗ് യൂണിറ്റിന് ദിവസേന 1000 മുതൽ 2000 ബാഗുകൾ വരെ നിർമിക്കാനാകും. തൊഴിൽ രഹിതരായ സ്ത്രീകൾക്ക് ഒരു വരുമാനമാർഗം എന്ന നിലയിലും പേപ്പർ ബാഗ് നിർമാണം സംസ്ഥാനത്ത് ശ്രദ്ധേയമാകുകയാണ്.