കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് എൻ കെ പ്രേമചന്ദ്രൻ. ശബരിമല വിഷയം, ചർച്ച് ബിൽ, മുസ്ലിം വിശ്വാസങ്ങളിലെ ഇടപെടൽ, കേന്ദ്രത്തിൽ മോദി വീണ്ടും അധികാരത്തിൽ വരുമെന്ന ആശങ്ക, പ്രളയം അടക്കമുള്ള വിഷയങ്ങളിൽ പിണറായി സർക്കാർ സ്വീകരിച്ച സമീപനം ഇതിനെല്ലാം എതിരായ വിധിയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.
ഒരുലക്ഷത്തോളം വോട്ടർമാരെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടും യുഡിഎഫ് തിളക്കമുള്ള വിജയം നേടി. പരാജയ ഭാരം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും ധാർമികമായി മുഖ്യമന്ത്രിക്കസേരയിൽ തുടരാൻ പിണറായിക്ക് അർഹതയില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു. അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ എത്തിയപ്പോഴായിരുന്നു പ്രേമചന്ദ്രന്റെ പ്രതികരണം. കോൺഗ്രസ് ഭവനിൽ എത്തിയ നിയുക്ത എംപിക്ക് യുഡിഎഫ് പ്രവർത്തകർ ആവേശപൂർവ്വമായ സ്വീകരണം നല്‍കി.