കൊല്ലം : മര്യാദയ്ക്ക് ഇരിക്കാനോ സ്വസ്ഥമായി പഠിക്കാനോ സൗകര്യമില്ലാത്ത ഒറ്റമുറി വീട്ടിൽ കഴിയുന്ന രേവതിക്കും സൂര്യക്കും സഹായഹസ്തവുമായി പരവൂർ ജനമൈത്രി പൊലീസ്. പിതാവ് രോഗബാധിതനായതോടെ വരുമാനം നിലച്ച് പഠനം പ്രതിസന്ധിയിലായ കുട്ടികൾക്ക് കസേരയും മേശയും ഉള്‍പ്പെടെ പഠനോപകരണങ്ങള്‍ പൊലീസ് സംഘം വാങ്ങിനൽകി.
വൈദ്യുതി ഇനിയും എത്താത്ത, പ്രാഥമികാവശ്യങ്ങൾക്ക് പോലും സൗകര്യമില്ലാത്ത ഈ കൂരയിൽ കഴിഞ്ഞുവന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയാണ് പൊലീസ് സഹായമെത്തിച്ചത് .കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് സംഘം പെരുമ്പുഴ യഷികാവ് കോളനി സന്ദർശിച്ചപ്പോഴാണ് തകരം മേഞ്ഞ് അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട് കണ്ടത്.
ALSO READ: മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി കെ.സുധാകരൻ
ഗൃഹനാഥനായ രാജീവ്, ഭാര്യ ഗീത, മക്കളായ 13 വയസുകാരി രേവതി, 9 വയസുകാരി സൂര്യ എന്നിവരടങ്ങിയ കുടുംബമാണ് ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത്. പരവൂർ എസ്.എൻ.വി സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന രേവതി പഠനത്തിലും സ്പോർട്സിലും മിടുക്കിയാണ്.
എന്നാൽ ആവശ്യത്തിന് ഭാരം ഇല്ലാത്തതിനാൽ ഉഷ സ്പോർട്‌സ് സ്‌കൂളിൽ സെലക്ഷൻ കിട്ടിയിരുന്നില്ല. പൂതക്കുളം വില്ലേജിൽ കലക്കോട് എസ്.ബി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജിയും മകൻ അഭിജിത്തും നൽകിയ തുക കൂടി ചേർത്തുവച്ചാണ് കുട്ടികൾക്ക് പഠിക്കാനാവശ്യമായ വസ്തുക്കൾ പൊലീസ് വാങ്ങി നൽകിയത്.
പരവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സംജിത് ഖാനും, ബീറ്റ് ഓഫീസർമാരായ ഹരിസോമൻ, ശ്രീലത എന്നിവർ ചേർന്നാണ് കുട്ടികളുടെ വീട്ടിലെത്തി ഇവ കൈമാറിയത്. വീട്ടിൽ വൈദ്യുതി ലഭിക്കുന്നതിനും, ശൗചാലയം പണിയുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്നും പരവൂർ ജനമൈത്രി പൊലീസ് അറിയിച്ചു.