കൊല്ലം: യു.ഡി.എഫ്-എസ്.ഡി.പി.ഐ സഖ്യം അധികാരത്തിലെത്തിയ കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫീസ് ഇന്നലെ രാത്രി പൂട്ടാൻ മറന്നു. ഓഫീസിനുള്ളിൽ ഇന്നലെ മദ്യപാനം നടന്നുവെന്നാണ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞ പഞ്ചായത്താണ് പോരുവഴി. ഇവിടെ ബി.ജെ.പി, ഇടതു മുന്നണി, കോൺഗ്രസ് എന്നിവർ അഞ്ച് സീറ്റുകൾ വീതം നേടി. എസ്‌ഡിപിഐക്ക് മൂന്ന് സീറ്റുകൾ ലഭിച്ചു. ഒടുവിൽ എസ്.ഡി.പി.ഐ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.
പഞ്ചായത്ത് ഭരണം നേടിയതിന്‍റെ ഭാഗമായി നിശാപാർട്ടി നടന്നുവെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസിന്‍റെ സുപ്രധാന രേഖകൾ അടങ്ങുന്ന സെർവർ റൂം ഉൾപ്പടെ തുറന്ന് കിടന്നുവെന്നാണ് ആരോപണം. പൊലീസെത്തി പരിശോധന നടത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. അതേ സമയം മദ്യപാനം നടന്നുവെന്ന ആരോപണം നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് രംഗത്ത് എത്തി. ജീവനക്കാർ ഓഫീസ് അടക്കാൻ മറന്ന് പോയതാണെന്നാണ് പ്രസിഡന്‍റിന്‍റെ വിശദീകരണം.