കൊല്ലം: ഇരവിപുരം മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യം പിടികൂടി. ഓപ്പറേഷന്‍ ഹെല്‍ത്തി കേരളയുടെ ഭാഗമായി കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും പഴയ മീന്‍ എത്തുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് (05 മെയ് 2022) രാവിലെയാണ് പ്രദേശത്തെ മത്സ്യസ്‌റ്റാളുകള്‍ കേന്ദ്രീകരിച്ച് സംഘം പരിശോധന നടത്തിയത്.
വിവിധ സ്റ്റാളുകളില്‍ നിന്നായി കണ്ടെടുത്ത ഏഴരകിലോ മത്സ്യം അന്വേഷണസംഘം നശിപ്പിച്ചു. ഇതിന് പുറമെ മത്സ്യ സ്‌റ്റാളുകളില്‍ നിന്നും കൂടുതല്‍ സാമ്പിളുകൾ പരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോര്‍ട്ട് ലഭിക്കുന്നതനുസരിച്ചാവും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹെൽത്ത് സൂപ്പർവൈസർ അബ്‌ദുല്‍ ഹസന്‍, എച്ച് ഐ-മാരായ മധു എം, സന്തോഷ്, മനോജ്, ഇസത് ഷാഹി, മനോജ് ആര്‍, ലിന്‍റീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. മത്സ്യവിപണനത്തില്‍ അനുവര്‍ത്തിക്കേണ്ട ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ചും സംഘം വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളിലും പരിശോധന നടത്തിയ സംഘം, പഴകിയ ഭക്ഷണം പിടിച്ചെടുത്ത രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.