കൊല്ലം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയോടെ തന്നെ പദ്ധതികള്‍ നടപ്പാക്കും. കെ.റെയിലിനെതിരായ സമരം ശക്തമാക്കിയ പ്രതിപക്ഷ കക്ഷികളേയും മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള സമരങ്ങള്‍ വികസനത്തിന് എതിരാണ്. നാടിന്‍റെ പുരോഗതിയും വികസനത്തിനും തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. ഇതേ സമീപനം തന്നെയാണ് ബിജെപിയും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പദ്ധതിക്കുള്ള സര്‍വെ കല്ല് സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്കും എത്തുന്നുണ്ട്. ഇതിനിടയിലാണ് പ്രതിഷേധങ്ങളെ തള്ളിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
ALSO READ: 'കെ റെയിൽ വിരുദ്ധസമരം ശക്തമാക്കും'; സർവേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്ന് വി.ഡി സതീശന്‍