കൊല്ലം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'നിർഭയ' രാത്രി നടത്തിന്‍റെ ഭാഗമായി കൊല്ലം നഗരത്തിൽ പുതിയ ചരിത്രം രചിച്ച് സ്ത്രീ കൂട്ടായ്മ. സിവിൽ സ്‌റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സംഘങ്ങളായാണ് രാത്രിയാത്ര ആരംഭിച്ചത്. ഒറ്റയ്ക്കും രണ്ടു പേർ ചേർന്നായിരുന്നു യാത്ര. യാത്രയ്ക്കൊടുവിൽ എല്ലാവരും ബീച്ചിൽ സംഗമിച്ചു.
ബീച്ചിലെത്തിയ യാത്രാസംഘം ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു. കുടുംബശ്രീ അംഗങ്ങൾ, വനിതാ സംഘടനകൾ, എൻജിയു യൂണിയൻ, എൻജിഒ അസോസിയേഷൻ, ജോയിന്റ് കൗൺസിൽ വനിതാ അംഗങ്ങൾ എന്നിവർ യാത്രയിൽ പങ്കാളികളായി. ജില്ലാ ഭരണാധികാരിയുടെ ഭാര്യ എം.കെ റുക്‌സാനയും രാത്രി നടത്തത്തിൽ പങ്കുചേർന്നു. സ്വതന്ത്രവും സുരക്ഷിതവുമായ യാത്ര ഒരുക്കാനുള്ള സംരംഭത്തിന് ഏറെ സ്ത്രീകൾക്ക് പ്രചോദനമാകാൻ തന്റെ സാന്നിധ്യം സഹായകരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി, ശിശുസംരക്ഷണ ഓഫീസർ പ്രസന്നകുമാരി തുടങ്ങിയവർ സന്നിഹിതരായി.