കൊല്ലം : കൊവിഡ് ബാധിച്ച് അകാലത്തിൽ വിട്ടുപിരിഞ്ഞ ചവറ കുളങ്ങര സ്വദേശി എം. ഉണ്ണികൃഷ്‌ണന്‍റെ ഒന്നാം അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് വീടുകളിൽ വൈദ്യുതി എത്തിച്ചു. ചവറ പഞ്ചായത്തിലെ വൈദ്യുതീകരിക്കാത്ത ഭവനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വീടുകള്‍ വൈദ്യുതീകരിച്ചുനൽകിയാണ് പത്താം ക്ലാസ് പൂർവ വിദ്യാർഥി കൂട്ടായ്‌മ നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകിയത്.
ചവറ കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് പുതുവെളിച്ചം 2022 പദ്ധതിക്ക് തുടക്കമിട്ടത്. ചവറ കൊറ്റൻകുളങ്ങര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ 88-89 വർഷത്തെ പത്താം ക്ലാസ് വിദ്യാർഥികളുടെ കൂട്ടായ്‌മയാണ് സഹപാഠിയുടെ ഓർമദിനത്തിൽ ഈ കുടുംബങ്ങൾക്ക് നന്മവെളിച്ചം പകർന്നത്.
ചവറ കൊട്ടുകാട് ഒലീക്കര കിഴക്കേതിൽ മുബീനയുടെ വസതിയിൽ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ സ്വിച്ച് ഓൺ ചെയ്‌ത് പദ്ധതി ഉദ്ഘാടനം ചെയ്‌തു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.തുളസീധരൻ പിള്ള, മേനാമ്പള്ളി വാർഡ് മെമ്പർ സോഫിദ എസ്, ഹെഡ്‌മാസ്റ്റർ ബിനു.ബി, പി.ടി.എ പ്രസിഡന്‍റ് കൃഷ്‌ണകുമാർ. എസ്, പൂർവ വിദ്യാർഥി കൂട്ടായ്‌മ പ്രസിഡന്‍റ് എസ്.സുരേഷ്‌കുമാർ, കൂട്ടായ്‌മ സെക്രട്ടറി സി. രാജു തുടങ്ങിയവർ പങ്കെടുത്തു.
ALSO READ: പോള ശല്യം രൂക്ഷം; കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് പ്രതിസന്ധിയിൽ
ഇതിനോടകം നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഇവർ കൃഷിയിലൂടെ ചവറയെ സ്വയംപര്യാപ്‌തമാക്കാൻ 'ഹരിതം' എന്ന പേരിൽ പച്ചക്കറി കൃഷിയും മത്സ്യ കൃഷിയും വിജയകരമായി നടത്തിവരുന്നു.
നാട്ടിലും വിദേശത്തും ഉള്ള നൂറോളം വരുന്ന അംഗങ്ങൾ അടങ്ങുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ഇതിനായി 3 അംഗ അഡ്‌മിൻ പാനലിന് പുറമെ എസ്.സുരേഷ്‌കുമാർ പ്രസിഡന്‍റായും സി. രാജു സെക്രട്ടറിയുമായുള്ള ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്.