കൊല്ലം: മണ്ണില്ലാതെ കൃഷി ചെയ്യാനാകുമോ? ചോദ്യം കേട്ട് അമ്പരക്കേണ്ട... മണ്ണില്ലാതെ കൃഷി ചെയ്ത് നൂറ് മേനി വിളവ് കൊയ്യാമെന്ന് തെളിയിക്കുകയാണ് കൊല്ലം ചാത്തന്നൂർ കൃഷി ഭവൻ. ചകിരിച്ചോറ്, കമ്പോസ്റ്റ്, ഉപയോഗശൂന്യമായ പേപ്പർ, ചാണകപ്പൊടി എന്നിവ ഗ്രോ ബാഗിൽ ഒന്നിടവിട്ടുള്ള തട്ടുകളായി ക്രമീകരിച്ചാണ് കൃഷി. മണ്ണ് വഴി ഉണ്ടാകുന്ന രോഗങ്ങൾ ഒഴിവാക്കി ഗുണമേന്മയുള്ള പച്ചക്കറി ഉല്‍പാദനമാണ് ഇതുവഴി സാധ്യമാകുന്നത്. കൃഷിയിൽ നിന്നുള്ള വരുമാന വർധനയാണ് പ്രധാന സവിശേഷത. മണ്ണ് നിറച്ച ഭാരം കൂടിയ ഗ്രോബാഗുകളെക്കാൾ ഭാരം കുറവായതിനാൽ മട്ടുപ്പാവിന് സമ്മർദം ഏൽക്കാതെ കൃഷി നടത്താം.
നീളത്തിൽ സ്ഥാപിച്ച പൈപ്പുകളിൽ ഘടിപ്പിച്ച തിരിനനകളിലൂടെ ഗ്രോബാഗിലെ സുഷിരം വഴിയാണ് വിളകൾക്ക് വെള്ളം ലഭ്യമാക്കുന്നത്. സ്ഥല പരിമിതിയില്‍ വലയുന്ന നഗരവാസികൾക്ക് ഈ രീതി അനുകരണീയമാണ്. കൃഷിഭവനിലെ ആഗ്രോ സർവീസ് സെന്‍ററാണ് ഒരു ലക്ഷം രൂപ ചെലവിൽ 400 ഗ്രോബാഗുകൾ അടങ്ങുന്ന എട്ട് യൂണിറ്റുകൾ ചാത്തന്നൂർ സിവിൽ സ്റ്റേഷന് മുകളിലെ മട്ടുപ്പാവിൽ സ്ഥാപിച്ചത്. തക്കാളി, പച്ചമുളക്, ചീര, വഴുതന തുടങ്ങി പച്ചക്കറികൾ മികച്ച വിളവാണ് നൽകുന്നത്. തോട്ടം പരിപാലിക്കാൻ കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ ഷിബുകുമാറിന്റെയും സഹപ്രവർത്തകരുടെയും മേൽനോട്ടം പൂർണ സമയം ഉണ്ടാകും.
മണ്ണില്ലാ കൃഷി കാണാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' എന്ന ലക്ഷ്യവുമായി കൃഷിവകുപ്പ് ത്രിതല പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്ന ഈ നൂതന കൃഷിരീതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കൃഷി വകുപ്പ്.