കൊല്ലം : ആയൂരിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ. സംഭവം അറിഞ്ഞയുടൻ തന്നെ കമ്മിഷൻ സ്വമേധയാ കേസെടുത്ത് ബന്ധപ്പെട്ട അധികാരികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ശിപാർശ ചെയ്യും.
പെൺകുട്ടികളുടെ ആത്മവീര്യം തകർക്കുന്ന രീതിയിലുള്ള ഇത്തരം നടപടികൾ അനുവദിച്ചുകൂട. സ്ത്രീകളുടെ അന്തസ്സും, വ്യക്തിത്വവും അഭിമാനവും ഹനിക്കപ്പെട്ടിരിക്കുകയാണ്, ഇന്ത്യയിലെ ചില ക്യാമ്പസുകളിൽ ശിരോവസ്‌ത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരങ്ങളുടെ പിൻതുടർച്ചയാണോ ഈ സംഭവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ഷാഹിദ കമാൽ പറഞ്ഞു.
Also read: നീറ്റ് പരിശോധന: കൂടുതല്‍ ആരോപണവുമായി വിദ്യാര്‍ഥിനിയുടെ രക്ഷിതാവ്
അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സമാന സംഭവത്തിൽ അപമാനിതരായ കൂടുതൽ പെൺകുട്ടികൾ പരാതി നൽകി. അടിവസ്ത്രം അഴിപ്പിച്ചുവെന്ന് പറയപ്പെടുന്ന സ്ത്രീക്ക് എതിരെയാണ് കേസ്.