കൊല്ലം: ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് 5000 രൂപ തട്ടിയതായി പരാതി. കൊട്ടാരക്കര സദാനന്ദപുരത്ത് വഴിയോരത്ത് ലോട്ടറി കച്ചവടം നടത്തുന്ന ഗോപിനാഥൻ ആചാരിക്കാണ് പണം നഷ്ടമായത്. അമ്പലക്കര സ്വദേശി ഗോപിനാഥൻ ആചാരി കാഴ്ച ശക്തി കുറവുള്ള വ്യക്തിയാണ്. തട്ടിപ്പ് നടത്തിയ ആൾ ഡിസംബർ 19 ലെ കാരുണ്യ ലോട്ടറിയിൽ കൃത്രിമം കാണിച്ചാണ് ഇയാളിൽ നിന്നും പണം തട്ടിയത്. ഗോപിനാഥന്‍റെ വീട്ടുകാരാണ് ബൈക്കിലെത്തിയ ആൾ നൽകിയ ടിക്കറ്റിൽ അക്കങ്ങൾ എഴുതിച്ചേർത്തത് കണ്ടെത്തിയത്.
മൂന്ന് ടിക്കറ്റുകൾക്കിടയിൽ 5,000 രൂപാ സമ്മാനമുള്ള 1066 നമ്പർ ലോട്ടറി ടിക്കറ്റ് മാറ്റം വരുത്തി നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ഗോപിനാഥൻ പറയുന്നു. മുമ്പും സമാനമായ രീതിയിൽ ഇയാളുടെ കയ്യിൽ നിന്നും ആളുകൾ പണം തട്ടിയിട്ടുണ്ട്. എന്നാൽ അന്ന് പരാതിയുമായി കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴെല്ലാം പൊലീസിൽ നിന്നും ദുരനുഭവമാണ് ഉണ്ടായെതെന്ന് ഗോപിനാഥൻ പറയുന്നു.
വഴിയോരത്ത് ലോട്ടറി വിറ്റുകിട്ടുന്ന പണത്തിൽ നിന്നുമാണ് ഗോപിനാഥന് ആസ്മയ്ക്കുള്ള ചികിത്സ നടത്തുന്നത്. നഷ്ടമായ പണം തിരികെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി പോകുന്നതിനേക്കാൾ നല്ലത് നഷ്ടം സഹിക്കുന്നതാണെന്നും ഗോപിനാഥൻ പറയുന്നു.