കൊല്ലം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കാർഷിക നിയമ ഭേദഗതിക്കെതിരെ മന്ത്രി ജെ.മേഴ്‌സി കുട്ടിയമ്മ. കൊല്ലത്ത് നടക്കുന്ന അനിശ്ചിതകാല സംയുക്ത കർഷക സമരത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കാർഷിക നിയമം ജനവിരുദ്ധവും രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ നിയമം നടപ്പിലാക്കുന്നതോടെ ജനങ്ങളെ അടിമകളാക്കുകയും അവരുടെ ഭക്ഷ്യ സുരക്ഷയെ അട്ടി മറിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു. കർഷകർക്ക് വേണ്ടിയുള്ള നിയമമാണെന്ന് പറയുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഒപ്പം കോർപ്പറേറ്റുകളെ സഹായിക്കുകയുമാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്‍റ് ആർ.ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായ ചടങ്ങിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം വി.കെ.അനുരുദ്ധൻ, പി.സോമനാഥൻ, കർഷക സംഘം ജില്ലാ പ്രസിഡന്‍റ് ബിജു കെ.മാത്യു തുടങ്ങിയവർ പങ്കെടുത്തു.