കൊല്ലം: കൊലപാതക ശ്രമം നടത്തിയ പ്രതി പൊലീസ് പിടിയിൽ. അഞ്ചൽ എടമുളക്കൽ സ്വദേശി സജീവാണ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായത്. തൊള്ളൂർ സ്വദേശി ബൈജു എന്ന ആളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. സജീവും ബൈജുവും തമ്മിൽ വസ്‌തു കച്ചവടം നടത്തിയിരുന്നു. സജീവിന്‍റെ ഭൂമിയുടെ അവകാശത്തുകയായ ഒരുലക്ഷം രൂപ കൊടുക്കാഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.
ബൈജുവിനെ വഴിയിൽ തടഞ്ഞുനിർത്തി ഇയാൾ അസഭ്യം പറയുകയും കയ്യിൽ കരുതിയിരുന്ന വെട്ടു കത്തികൊണ്ട് തലയുടെ പിൻഭാഗത്ത് ആഴത്തിൽ വെട്ടാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈജുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അഞ്ചൽ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സജീവിനെ അറസ്റ്റു ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.