കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ഗുരുതര കൃത്യവിലോപത്തിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന്. തിരുവനന്തപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് ഇന്ന് പുലര്‍ച്ചെ നാലിന് തിരിച്ച കെ.എല്‍ 15എ 279 എന്ന സ്കാനിയ ബസിലെ ഡ്രൈവര്‍ ഒരു കൈ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ നോക്കുകയും മറ്റേ കൈ കൊണ്ട് സ്റ്റിയറിംഗ് ചലിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇടിവി ഭാരതിന് ലഭിച്ചത്. ഇടക്ക് രണ്ട് കൈവിട്ട് ബസ് ചലിപ്പിക്കുന്നതും കാണാം. രണ്ടു മിനിട്ടോളം ഡ്രൈവര്‍ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിച്ചു.
ഇടുങ്ങിയ റോഡിലൂടെ അതിവേഗത്തില്‍ പായുന്ന ബസിന്‍റെ എതിര്‍വശത്ത് കൂടി നിരവധി ലോറികളും കാറുകളും കടന്ന് പോകുന്നതും ദൃശ്യത്തില്‍ കാണാം. ഈ സമയമെല്ലാം റോഡിലേക്ക് പോലും നോക്കാതെ ഡ്രൈവറുടെ ശ്രദ്ധ മുഴുവന്‍ മൊബൈല്‍ ഫോണിലാണ്. ബസില്‍ നിറയെ യാത്രക്കാരുമുണ്ട്. പലരും ഉറക്കത്തിലായതിനാല്‍ ഡ്രൈവറുടെ കൃത്യവിലോപം അധികമാരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബസിലുള്ള യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് കൈമാറുകയായിരുന്നു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കനത്ത പിഴയും തടവും ലൈന്‍സന്‍സ് റദ്ദാക്കാന്‍ പോലും ഇടയാക്കുന്ന കുറ്റകൃത്യമായിട്ടു പോലും നിറയെ യാത്രക്കാരുമായി സര്‍ക്കാര്‍ ബസിന്‍റെ ഡ്രൈവര്‍ തന്നെ നിയമം ലംഘിച്ചത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.