കൊല്ലം: ശിശുക്ഷേമ സമിതിക്കെതിരെ ഗൂഢാലോചന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അനുപമ വിവാദത്തിലൂടെ ഇത് പുറത്തു വന്നിരിക്കുകയാണെന്നും ശിശുക്ഷേമ സമിതി അമ്മയെ കബളിപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിഷയത്തിൽ മുഴുവൻ കാര്യങ്ങളും നിയമവിരുദ്ധമാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി. സിപിഎമ്മും മന്ത്രിമാരും മുഖ്യമന്ത്രിയും അറിഞ്ഞ് നടത്തിയ മനുഷ്യക്കടത്താണിത്. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ വി.സി പുനർ നിയമനം യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായിട്ടാണ്. ഈ സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹത്തിന് അർഹതയില്ല. നിയമ വ്യവസ്ഥ ലംഘിക്കാൻ ഗവർണറും കൂട്ടുനിന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.
ആലുവ സിഐക്കെതിരെ കേസെടുക്കണം
സിപിഎമ്മിന് താൽപര്യമുള്ള ഉദ്യാഗസ്ഥനാണ് ആലുവ സി.ഐ. ഇതിന് മുമ്പും സിപിഎം സി.ഐയെ സംരക്ഷിച്ചിട്ടുണ്ട്. സ്‌ത്രീകളും കുട്ടികളും അക്രമിക്കപ്പെടുന്ന വിഷയങ്ങളിൽ സിപിഎം പ്രതികൾക്ക് കുട പിടിക്കുന്നു. പൊലീസിലെ പാർട്ടിക്കാർ എന്ത് കാണിച്ചാലും സംരക്ഷണമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും സിഐക്കെതിരെ കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
കെപിഎസി ലളിത കേരളത്തിന്‍റെ അഭിമാനം
കെപിഎസി ലളിത മലയാളത്തിന്‍റെ അഭിമാനമാണ്. അവർക്ക് ചികിത്സ സഹായം അനുവദിച്ചത് ശരിയായ നടപടിയാണ്. ഈ വിഷയത്തിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. ഈ തീരുമാനത്തെ എതിർത്ത കോൺഗ്രസുകാർക്കെതിരെ നടപടിക്ക് കെ.പി.സി.സി യോട് ശുപാർശ ചെയ്യുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.