കൊല്ലം: കൊട്ടാരക്കരയില്‍ പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊട്ടാരക്കര മുട്ടറ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ബാച്ച് വിദ്യാർഥികളുടെ ഉത്തരപേപ്പറാണ് കാണാതായത്. ഉത്തരക്കടലാസ് കണ്ടെത്താനായില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതില്ലെന്ന് വിദ്യാർഥികൾ അറിയിച്ചു. 61 കുട്ടികളുടെ കണക്ക് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. പേപ്പറുകൾ കണ്ടെത്തി മൂല്യ നിർണയം നടത്താതെ ഫലം പ്രസിദ്ധീകരിക്കരുതെന്ന് സ്കൂൾ പിടിഎയും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
തപാല്‍ വകുപ്പിന്‍റെ അനാസ്ഥയാണ് ഉത്തരക്കടലാസ് നഷ്ടമാകാൻ കാരണമെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. സ്‌കൂളിൽ നിന്നും പാലക്കാട് ജില്ലയിലേക്ക് അയച്ച ഉത്തര കടലാസുകളാണ് കാണാതായത്. പരീക്ഷ ഫലം ജൂലായ് 10നകം പ്രസിദ്ധീകരിക്കാൻ ഇരിക്കെ ഉത്തരക്കടലാസ് നഷ്ടമായ വാർത്ത വിദ്യാർഥികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
അതേസമയം, തെറ്റായ വിലാസത്തിൽ അയച്ചത് കൊണ്ടാണ് ഉത്തരകടലാസുകൾ ചെന്നൈയിലെത്തിയത് എന്നാണ് തപാൽ വകുപ്പിന്‍റെ വിശദീകരണം. വീണ്ടും പരീക്ഷ എഴുതാൻ തയ്യാറല്ലെന്നും മറ്റ് പരീക്ഷകളുടെ മാർക്ക് അടിസ്ഥാനത്തിൽ കണക്ക് പരീക്ഷക്ക് മാർക്ക് നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്.