കൊല്ലം: കൊട്ടിയം തഴുത്തല കാറ്റാടിമുക്കിലെ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട കണ്ണനല്ലൂർ സ്വദേശി സുധീറിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അപകടമുണ്ടായി 24 മണിക്കൂർ പിന്നിട്ടിട്ടും സുധീറിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കിണറിൻ്റെ കുറച്ച് ഭാഗം ചെളിയും പാറക്കെട്ടുകളുമായതിനാല്‍ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കൽ ദുർഘടമാണ്.
ഇന്ന് രാവിലെ പവർ കൂടിയ ജെസിബി ഉപയോഗിച്ച് പാറ നീക്കം ചെയ്‌തു തുടങ്ങി. ഇനിയും ഏകദേശം പതിനഞ്ച് അടി താഴ്‌ചയിലാണ് സുധീർ കുടുങ്ങി കിടക്കുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. ഇടവിട്ടുള്ള മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.
ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുധീറിനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ഉദ്യോഗസ്ഥരും. ചാത്തന്നൂർ എസിപി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് സേനയും രക്ഷാപ്രവർത്തിന് നേതൃത്വം നൽകുന്നുണ്ട്. ബുധനാഴ്‌ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
65 അടി താഴ്‌ചയിലുള്ള പഴയ കിണറിൽ പുതുതായി നാല് തൊടികൾ കൂടി ഇറക്കി സ്ഥാപിച്ച ശേഷം തിരികെ കയറിൽ പിടിച്ച് കയറുമ്പോഴാണ് മുകളിലെ തൊടികൾ ഇടിഞ്ഞത്. നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മണ്ണ് ഇടിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം സമാന രീതിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ വെള്ളിമണ്ണിൽ ഒരാൾ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു.
Read more: കൊല്ലത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറിനുള്ളിൽ അകപ്പെട്ടു