കൊല്ലം: വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്‌റ്റിലായ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. കൊല്ലം പള്ളിമുക്ക് സ്വദേശി ഹാരിസാണ് കേസിലെ പ്രതി. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ വഞ്ചിച്ചക്കപ്പെട്ടപ്പോഴാണ് 24കാരി ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് താൻ പിൻമാറിയെന്നും പെൺകുട്ടിയെ കൊണ്ട് ഗർഭച്ഛിദ്രം നടത്തിയിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
പ്രതിയെ പൊലീസ് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. അതിനിടെ വനിത കമ്മിഷൻ അംഗം ഷാഹിദ കമാൽ പെൺകുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളിൽ നിന്ന് മൊഴിയെടുത്തു. സംഭവത്തിൽ വനിത കമ്മിഷൻ കേസെടുത്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് നൽകാൻ കൊട്ടിയം സി.ഐയോട് ആവശ്യപ്പെട്ടെന്നും ഷാഹിദ കമാൽ പറഞ്ഞു.