കൊല്ലം: നിര്‍ധന വയോജനങ്ങളുടെ പുനരധിവാസത്തിന് വേണ്ടി കൊല്ലം കോര്‍പ്പറേഷന്‍ നിർമിച്ച തറവാട് വൃദ്ധസദനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടാനം ചെയ്തു. കൊല്ലം കോര്‍പ്പറേഷന്‍ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ് തറവാട്. വൃദ്ധജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സാമൂഹ്യ വിഷയങ്ങിലുള്ള നഗരസഭയുടെ കൃത്യമായ ഇടപെടലുകളാണ് ഇത്തരം സംരംഭങ്ങളെന്നും മന്ത്രി പറഞ്ഞു.
കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് കേരള സംസ്‌കാരം പരിവര്ത്തനപ്പെട്ടതിന്റെ ബാക്കിപത്രങ്ങളാണ് വൃദ്ധസദനങ്ങള്‍. കാലത്തിന്‍റെ മാറ്റങ്ങള്‍ നാം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 3.71 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള വൃദ്ധസദനം കടപ്പാക്കടയിൽ നിർമിച്ചത്. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. നൗഷാദ് എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാർ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവരും പങ്കെടുത്തു.