കൊല്ലം: ബീച്ചിന് സമീപത്തെ ബാറിൽ പെയിന്റിംഗ് തൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബിപിൻ (25) പൊലീസില്‍ കീഴടങ്ങി. ഇന്നലെ സന്ധ്യയ്‌ക്ക് ആറുമണിയോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ബിപിൻ കീഴടങ്ങിയത്. മുണ്ടയ്‌ക്കൽ നേതാജി നഗർ അമ്പാടി ഭവനിൽ രാജുവാണ് (52) വെള്ളിയാഴ്‌ച വൈകിട്ട് അടിയേറ്റ് മരിച്ചത്. രാജുവിന് മർദ്ദനമേൽക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ബിപിൻ, ജോമോൻ, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരെ പ്രതി ചേർത്ത് കൊല്ലം പൊലീസ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് സിഐ ആർ രാജേഷിനാണ് അന്വേഷണ ചുമതല.
രാജു മരിച്ചെന്ന് ഉറപ്പാക്കിയതിന് പിന്നാലെ മൂന്ന് പ്രതികളും നഗരംവിട്ടിരുന്നു. വെള്ളിയാഴ്‌ച രാത്രി ചവറ അരിനല്ലൂരിൽ പ്രതികൾ ഉണ്ടെന്ന് മൊബൈൽ ടവർ ലൊക്കേഷനിൽ നിന്ന് സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തിയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാവുകയായിരുന്നു.
ബിപിന്‍റെ തൊപ്പി രാജു തലയിൽ വച്ചതിനെ തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണം. മുഖത്ത് വിപിന്റെ അടിയേറ്റ് നിലത്തുവീണ രാജു തൽക്ഷണം മരിച്ചു. രാജുവിനെ ബിപിൻ അടിക്കുന്നതിന്റെയും നിലത്തുവീണ രാജുവിന്റെ തലയിൽ നിന്ന് ബിപിൻ തൊപ്പി ഊരിയെടുത്ത് പോകുന്നതിന്റെയും ദൃശ്യങ്ങൾ കാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ ബാർ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്.