കൊല്ലം: മത്സ്യത്തിന് ന്യായവിലയും തൊഴിലാളികള്‍ക്ക് വരുമാനവും ഉറപ്പാക്കുന്ന മത്സ്യ വിപണനത്തിലെ കൊല്ലം മാതൃക സംസ്ഥാനത്തെ മുഴുവന്‍ ഹാര്‍ബറുകളിലേക്കും വ്യാപിപ്പിച്ചതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഹാര്‍ബറുകളിലെ മത്സ്യവിപണനത്തിലെ പുതിയ ക്രമീകരണങ്ങള്‍ കൊല്ലം കലക്‌ട്രേറ്റില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന വില ലാന്‍റിങ് സെന്‍ററുകളില്‍ നിലവില്‍ വന്നതോടെ പൊതുവിപണിയില്‍ ആവശ്യക്കാര്‍ക്കും മാന്യമായ വിലയില്‍ മത്സ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. ന്യായവിലയില്‍ ലഭിക്കുന്ന മത്സ്യം ചില കച്ചവടക്കാര്‍ അമിതവില ഈടാക്കി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം ലഭിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹാര്‍ബറുകളില്‍ മത്സ്യഫെഡിന് കൂടുതല്‍ മത്സ്യം സംഭരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ സഹായം നല്‍കും.
എല്ലാ ഹാര്‍ബറുകളിലും ശീതീകരണ സംവിധാനമുള്ള കണ്ടയ്‌നറുകള്‍ ഒരുക്കും. 48 മണിക്കൂറെങ്കിലും മത്സ്യം കേടാവാതെ സംരക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ കണ്ടയ്‌നറുകള്‍ വാടകയ്ക്ക് ലഭ്യമാക്കാനാകും. വള്ളങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോക്‌സുകള്‍ നല്‍കുന്നതും പരിഗണനയിലാണ്. ലോക്ക് ഡൗണിന് ശേഷവും നിലവിലെ ക്രമീകരണങ്ങളില്‍ തന്നെ മത്സ്യവിപണനം നടത്തുന്നതും പരിഗണിക്കും. മത്സ്യത്തൊഴിലാളികള്‍ പൊതുവില്‍ അടിസ്ഥാനവിലയിലുള്ള മത്സ്യ വിപണനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. നിര്‍വഹണത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.