കൊട്ടിയം(കൊല്ലം) : നിർമാണത്തിനിടെ മണ്ണിടിഞ്ഞ് കിണറിൽ അകപ്പെട്ട കണ്ണനല്ലൂർ സ്വദേശിക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൊട്ടിയം തഴുത്തല കാറ്റാടിമുക്കിലെ കിണർ നിര്‍മാണത്തിനിടെയാണ് സുധീര്‍ മണ്ണിനടിയിലായത്. 65 അടി താഴ്‌ചയിലുള്ള പഴയ കിണറിൽ പുതുതായി നാല് തൊടികൾ കൂടി ഇറക്കി സ്ഥാപിച്ച ശേഷം തിരികെ കയറിൽ പിടിച്ച് കയറുമ്പോഴാണ് മുകളിലെ തൊടികൾ ഇടിഞ്ഞത്.
നാട്ടുകാര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മണ്ണ് ഇടിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നടപടി സ്വീകരിച്ചു. മൂന്ന് ജെസിബി ഉപയോഗിച്ച് കിണറിന്‍റെ ഒരു ഭാഗത്തെ മണ്ണ് നീക്കം ചെയ്‌താണ് സുധീറിനെ കണ്ടെത്താനുള്ള ശ്രമം രാത്രി വൈകിയും നടത്തിയത്. 25 അടി മണ്ണ് കിണറിന് സമീപത്ത് നിന്നും ജെസിബി ഉപയോഗിച്ച് നീക്കി.
പൊലീസിന്‍റെയും ഫയർ ഫോഴ്‌സിന്‍റെയും നേതൃത്വത്തിൽ കിണർ നിർമാണ തൊഴിലാളികൾക്ക് വേണ്ട പരിശീലനവും ബോധവത്കരണവും നടത്തേണ്ടത് അത്യാവശ്യമാണെന്ന് പിസി വിഷ്‌ണുനാഥ് എംഎൽഎ പറഞ്ഞു. പ്രദേശത്ത് നിരന്തരം കിണർ അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്ന് ഫയർ ആന്‍റ് റെസ്ക്യു സർവീസിന് ആധുനിക ഉപകരണങ്ങള്‍ നൽകണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും സ്ഥലത്തെത്തിയ എംഎല്‍എ അറിയിച്ചു.
സുധീറിനായുള്ള രക്ഷാപ്രവർത്തനത്തിന് നാട്ടുകാരുടെ സഹായവുമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാന രീതിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ വെള്ളിമണ്ണിൽ ഒരാൾ മണ്ണിടിഞ്ഞ് വീണ് മരിച്ചിരുന്നു.