കൊല്ലം : ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് കുണ്ടറ കുഴിയം സ്വദേശി ഷാജഹാൻ. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഷാജഹാൻ താൻ നിരപരാധിയാണെന്ന് അറിയിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയത്. നേരത്തെ കേസിൽ ഷാജഹാൻ പ്രതിയാണെന്ന തരത്തിൽ ഇയാളുടെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഷാജഹാൻ താന്‍ നിരപരാധിയാണെന്ന് അറിയിച്ച് രംഗത്തെത്തിയത്. സംഭവ ദിവസം താൻ എവിടെയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുമായിട്ടാണ് ഇയാൾ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ടവരുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ ഷാജഹാനുമായുണ്ടായ രൂപസാദൃശ്യമാണ് ആരോപണങ്ങൾക്ക് വഴിവച്ചത്.
എന്നാൽ തനിക്ക് കേസുമായി യാതൊരു പങ്കുമില്ലെന്നും നിരപരാധി ആണെന്നും ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സ്വമേധയാ എത്തിയതാണെന്നും പരിശോധിക്കുന്നതിനായി പൊലീസ് തന്‍റെ ഫോൺ വാങ്ങിയിട്ടുണ്ടെന്നും ഷാജഹാൻ അറിയിച്ചു.
കേസിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായി അന്വേഷണസംഘം : കൊല്ലം ഓയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നതായി പൊലീസ്. ചിലര്‍ അന്വേഷണ സംഘത്തിന് തെറ്റായ വിവരങ്ങൾ കൈമാറുന്നു. ഡി ഐ ജി നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിലുണ്ടായിരുന്നതെന്ന് സംശയിക്കുന്ന ഒരു പുരുഷന്‍റെയും യുവതിയുടെയും രേഖാചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘത്തിലെ സ്‌ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.
കുടുംബാംഗങ്ങളുടെ സാമ്പത്തിക പശ്ചാത്തലം ഉൾപ്പടെ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കൊല്ലം ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നവരെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണമാണ് നടക്കുന്നത്. സംശയത്തിന്‍റെ പേരിൽ ചോദ്യം ചെയ്‌ത ആർക്കും കേസുമായി ബന്ധമുള്ളതായി വ്യക്തമായിട്ടില്ലെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ പുരോഗമിക്കുന്നത്.
നവംബര്‍ 27 ന് വൈകിട്ട് 4.20 ഓടെയാണ് അബിഗേല്‍ സാറ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍ തുടരുന്നതിനിടെ തട്ടിക്കൊണ്ടുപോയ സംഘം തന്നെ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്തിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊല്ലം ആശ്രാമത്തെ ഇന്‍കം ടാക്‌സ് കോട്ടേഴ്‌സിന് സമീപമുള്ള നടപ്പാതയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സംഘം കുട്ടിയെ ഉപേക്ഷിച്ചത്.
ഏറെ നേരം കുട്ടി തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌എന്‍ കോളജിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇതോടെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. എഡിജിപി ഉള്‍പ്പടെയുള്ളവര്‍ ക്യാമ്പിലെത്തി കുട്ടിയെ കണ്ടിരുന്നു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.