കൊല്ലം : മണ്‍റോതുരുത്തില്‍ ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ നിഗമനം.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രിയില്‍ വീട്ടിൽ ആളനക്കം കാണാതായതോടെ ബന്ധുക്കളും അയൽവാസികളും തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കിഴക്കേ കല്ലടയില്‍ നിന്നും പൊലീസ് എത്തി കതക് പൊളിച്ച് അകത്ത് കയറി.
ALSO READ: തിരുവനന്തപുരത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
ഈ സമയം കിടപ്പുമുറിയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ച വിലാസിനിയെ കണ്ടെത്തി. പൊലീസും ഫോറൻസിക് വിദഗ്‌ധരും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. പുരുഷോത്തമൻ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.