കൊല്ലം: അയൽവാസിയുടെ മൂന്നുവയസ് പ്രായമുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊല്ലം ഏരൂർ തെക്കേവയലിൽ രതീഷിന്‍റെ കുഞ്ഞിനെയാണ് അയൽവാസിയായ യുവാവ് വീട്ടുമുറ്റത്ത് നിന്നും വീട്ടുകാരോട് ചോദിക്കാതെ വിളിച്ചുകൊണ്ടു പോയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് മാതാവും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ ഏരൂർ സ്‌കൂളിന് സമീപത്തുനിന്നും യുവാവിനോടെപ്പം കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.
യുവാവിൽ നിന്നും കുഞ്ഞിനെ വാങ്ങി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവിടേക്ക് വീണ്ടും അതിക്രമിച്ചെത്തിയ യുവാവ്, രതീഷിന്‍റെ സഹോദരൻ സതീഷിനെ ക്രൂരമായി മർദിച്ചു. റബർ തടി കൊണ്ട് സതീഷിനെ തലയ്ക്കും കൈയ്ക്കും തലങ്ങുംവിലങ്ങും യുവാവ് മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ തന്നെയും മർദിച്ചതായി രതീഷിന്‍റെ മാതാവ് പറഞ്ഞു.
മർദനമേറ്റ സതീഷും മാതാവും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും യുവാവിന്‍റെ വീട്ടിലെത്തിയ പൊലീസിന് നേരെ ഇയാൾ വളർത്തുനായയെ അഴിച്ചുവിട്ടു. ഇതിനെ തുടർന്ന് പൊലീസിന് മടങ്ങിപ്പോകേണ്ടിവന്നുവെന്നും രതീഷും കുടുംബവും പറയുന്നു.
ഇതിനു മുമ്പും സമാനരീതിയിലുള്ള സംഭവങ്ങൾ പ്രദേശത്ത് നടന്നിട്ടുള്ളതായി ഇവർ പറയുന്നു. മൂന്നു വർഷത്തിനു മുമ്പ് ബന്ധുവായ യുവാവ് മൂന്ന് വയസുള്ള പെൺകുഞ്ഞിനെ ഇത്തരത്തിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കുളത്തുപ്പുഴയിലെ ആർ.പി.എൽ തോട്ടത്തിൽ എത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം വരെ ഏരൂരിൽ നടന്നിട്ടുണ്ട്.