കൊല്ലം: കൊല്ലത്ത് മത്സ്യബന്ധന വള്ളം ബോട്ടിടിച്ചു മറിഞ്ഞു. താങ്ക്യു ജീസസ് എന്ന വള്ളമാണ് കൊല്ലം രജിസ്ട്രേഷനുള്ള ലീമ മോൾ എന്ന ബോട്ടിടിച്ച് അപകടത്തിൽ പെട്ടത്. ഇടിച്ചിട്ട് നിർത്താതെ പോയ ബോട്ടിനെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.
ചൊവ്വാഴ്‌ച പുലർച്ചെ 5.30ന് മൂദാക്കരയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ 8 നോട്ടിക്കൽ മൈൽ അകലെ വെച്ച് ലീമ മോൾ എന്ന ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന 5 പേരേയും സമീപത്തുണ്ടായിരുന്ന മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി.
മൂദാക്കര സ്വദേശികളായ ആന്‍റണി, അരുൾ യേശുദാസൻ, ഇസഹാഖ്, തോമസ്, ജനിഫർ എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ആന്‍റണിയെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീമ മോൾ ബോട്ടിനെതിരെ പരാതി നൽകുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.